ഹൃദയത്തിലൊരു കത്തുമായ്‌ മേരി - ഫാത്തിമ ഹിബ

 മേരി എഴുതി തുടങ്ങി

 "എനിക്ക് നിങ്ങളോട് വളരെ സ്നേഹം തോന്നുന്നു.ആൽബിൻ,നിങ്ങൾക്കിപ്പോഴും എന്നോട് സ്നേഹമുണ്ടോ,ഒരുപാടുണ്ടോ..അന്നത്തെ പോലെ.നിങ്ങളിപ്പോഴും ഓർക്കാറുണ്ടോ..നമ്മുടെ വൈകുന്നേരങ്ങൾ.നിങ്ങളുണ്ടാക്കി തരാറുള്ള മധുരം കുറഞ്ഞ ചായ,അത് കുടിച്ചു കൊണ്ട് നമ്മളിങ്ങനെ കഥ പറയും.നമ്മുടെ മക്കളെ കുറിച്ച്‌ സംസാരിക്കും,നമ്മുടെ ചെറുപ്പകാലത്തെ കുറിച്ച് സംസാരിക്കും.ഹോ,നിങ്ങളൊരു തമാശക്കാരനായിരുന്നു.ലോകത്തിലേറ്റവും ഭംഗി എന്റെ കണ്ണുകൾക്കാണെന്ന് നിങ്ങളെപ്പോഴും തമാശ പറയും.അപ്പോഴൊക്കെ എനിക്ക് നാണം വരുമായിരുന്നു.അത് കാണുന്നത് നിങ്ങൾക്കുമിഷ്ടമായിരുന്നു.അന്നേരം  നിങ്ങളെനിക്ക് ആ പഴയ ഹിന്ദി ഗാനം പാടി തരും.അപ്പോഴെനിക്ക് ചിരി വരുമായിരുന്നു.അത് കാണുമ്പോൾ നിങ്ങളും ചിരിക്കും,ചിരിച്ചു കൊണ്ട് വരികൾ പൂർത്തിയാക്കാൻ കഴിയാതെ നിങ്ങളെന്നെ നോക്കും.എന്നിട്ടെന്റെ നെറ്റിയിലൊരുമ്മ തരും.എനിക്കിതെഴുതുമ്പോൾ ചിരി വരുന്നു.ഞാനിപ്പോൾ ചിരിക്കുകയാണ് ആൽബിൻ.ഇത് വായിക്കുമ്പോൾ നിങ്ങളും ചിരിക്കുമായിരിക്കും,എനിക്കറിയാം.



ആൽബിൻ,നിങ്ങളെന്തൊരത്ഭുതമാണ്,മഴക്കും കാറ്റിനും വെയിലിനും വസന്തത്തിനും ആകാശത്തിനും കടലിനും കാക്കക്കും കുയിലും വരെ നിങ്ങളെ കുറിച്ചറിയാം,അവരൊക്കെ എന്നോട് നിങ്ങളെ കുറിച്ച്‌ സംസാരിക്കും.ആൽബിൻ,എനിക്ക് കരയാൻ തോന്നുന്നു.എനിക്ക് നിങ്ങളെ കാണാൻ തോന്നുന്നു.എനിക്ക് തീരെ സുഖമില്ല ആൽബിൻ.വയ്യ,ഒട്ടും വയ്യ"


ആ വലിയ മുറിയിൽ 82 വയസ്സുള്ള മേരിയുടെ മരണത്തിന് ചുറ്റും മക്കളും പേരമക്കളും മരുമക്കളും കൂടി നിന്ന് കരയുമ്പോൾ, ആൽബിന് വേണ്ടി...ഹൃദയത്തിലൊരു കത്തുമായി,മേരി സ്വർഗത്തിലേക്ക് പറന്നുയർന്നു.


- ഫാത്തിമ ഹിബ⭐️

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ